എടവണ്ണ. ചാലിയാർ നദിയുടെ തീരത്തു പച്ചപുതച്ചു നിൽക്കുന്ന എടവണ്ണയുടെ ഭംഗി അവിടുത്തെ ആളുകളിലുമുണ്ട്. ഇർഷാദിനെ കാണാൻ വേണ്ടിയാണു ഞാനവിടെ പോയത്. ഒരു വൈകുന്നേരം മാത്രമേ ചിലവഴിച്ചുള്ളൂവെങ്കിലും, എൻ്റെ ഓർമകളെ പലപ്പോഴും തിരികെ കൊണ്ടുപോകുന്ന ഒരു സ്ഥലമാണത്.

ഞങ്ങൾ അതിരാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. ഞങ്ങൾ എന്ന് പറഞ്ഞാൽ എൻ്റെ വിശ്വസ്തനായ കോ-പൈലറ്റ് ബിനിഷ് ജോസഫും ഞാനും. ഞാൻ ബിനിഷിനെ എങ്ങനെ കണ്ടുമുട്ടി എന്നത് ഒരു നീണ്ട കഥയാണ്.
വളരെ യാദൃച്ഛികമായ ഒരുപാട് കണ്ടുമുട്ടലുകൾ, Alchemist നോടുള്ള എൻ്റെ വിശ്വാസത്തിനു വഴിയൊരുക്കിയതും ബിനീഷുമായിട്ടുള്ള കണ്ടുമുട്ടലാണെന്നും പറയാം. ചുരുക്കി പറഞ്ഞാൽ ഞാനും ബിനീഷും മാത്രമാണുണ്ടായത്. ബിനീഷ് ആണെങ്കിൽ കുറെ കാലമായി മലപ്പുറത്തേക്ക് പോയിട്ട്. അതുകൊണ്ടുതന്നെ അവിടം വരെയുള്ള ഡ്രൈവ് ബിനീഷിനും ഒരു ആവേശമായിരുന്നു.

അങ്ങനെ ഞങ്ങൾ അവിടെയെത്തി. ഉച്ചഭക്ഷണം ഒക്കെ തയ്യാറാക്കി ഇർഷാദ് ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആ ദിവസത്തെ ഏറെക്കുറെ എല്ലാ ഫോട്ടോസും ഉണ്ടെങ്കിലും അവിടെ വിളമ്പിയ ഭക്ഷണങ്ങളുടെ മാത്രം ഫോട്ടോസ് ഞാൻ എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അന്നവിടെ വിളമ്പിയതെല്ലാം ഓർത്തെടുക്കുക അത്ര എളുപ്പമല്ല. അവിടില്ലാത്തതായി ഒന്നുമില്ലായിരുന്നു എന്ന് തന്നെ പറയാം. എടവണ്ണയിലെ ആളുകളെ കുറിച്ച് മുന്നേ പറഞ്ഞതുപോലെ ആതിഥ്യമര്യാദ ആണ് അവരുടെ മെയിൻ.



എനിക്കിപ്പോഴും ഓർമയുണ്ട് ഇർഷാദിന്റെ വാപ്പ പറഞ്ഞ വാക്കുകൾ . “നിങ്ങൾ വരുന്നതുകൊണ്ട് മാത്രം ഞങ്ങൾ നിങ്ങൾക്കായി പ്രത്യേകിച്ചു ഒന്നും തന്നെ ചെയ്തിട്ടില്ല.കാരണം ഞങ്ങൾക്ക് നിങ്ങൾ ഒരു കുടുംബം പോലെയാണ്. പിന്നെ പതിവ് മാത്രമേ ഉണ്ടാകാവൂ എന്ന് ഇർഷാദിനും നിർബന്ധമായിരുന്നു.” ഞങ്ങളെ ആകർഷിക്കാൻ വേണ്ടി ഒന്നും ചെയ്യേണ്ടതില്ല എന്നവർക്ക് തോന്നിയതിൽ സത്യത്തിൽ എനിക്ക് ഭയങ്കര സന്തോഷം തോന്നി.
ആരെയും പ്രീതിപ്പെടുത്താൻ ശ്രമിക്കാത്ത ഒരാളാണ് ഇർഷാദ്. നിങ്ങൾ എന്ത് ചെയ്യൂന്നുവോ അതുതന്നെ തിരിച്ചു കിട്ടും എന്ന് വിശ്വസിക്കുന്ന തരത്തിലുള്ള ഒരാൾ. അതുകൊണ്ടുതന്നെ ഇർഷാദിന്റെ കുടുംബവും അങ്ങനെയായതിൽ അതിശയിക്കാനൊന്നുമില്ല. അദ്ദേഹം വളരെ എളിമയോടെ സംസാരിക്കുന്നു എന്നായിരുന്നു ഞങ്ങൾ കരുതിയത്. ഇർഷാദിന്റെ ഭാര്യ വീട്ടിലെ അത്താഴം കൂടി കഴിഞ്ഞപ്പോളാണ് ഇർഷാദ് തമാശ പറഞ്ഞതല്ലെന്നു ഞങ്ങൾക്ക് ബോധ്യമായത്.
The road leading up to the quarry Glamorous Binish Pensive Irshad Can’t leave out the main guy now, can we?
ഞാൻ പറഞ്ഞതുപോലെ, ചെറിയൊരു സന്ദർശനമായിരുന്നു ഉദ്ദേശം, കുറേയേറെ ഭക്ഷണം കഴിക്കുകയും വീട്ടുകാരെ കാണുകയും അല്ലാതെ, കൂടുതൽ സമയം ഒന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഇർഷാദ് എന്നെ നഗരത്തിന് ചുറ്റും കൊണ്ടുപോയി, വെള്ളപ്പൊക്കത്തിൽ തകർന്ന കുറെ പ്രദേശങ്ങൾ കാണിച്ചുതന്നു. നാടിന്റെ ചില ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടുവെങ്കിലും അവിടുത്തെ ആത്മാവ് ജീവിച്ചിരിപ്പുണ്ടായിരുന്നു. അവിടുത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാം തന്നെ ഇർഷാദ് ഏർപ്പെട്ടിരുന്നു. മിൽക്ക് ഷെയ്ക്കുകൾക്കുള്ള പുതിയ ഫ്രൂട്ട് പൾപ്പ് ഉണ്ടാകുന്ന തൻ്റെ കുടുംബത്തിന്റെ പുതിയ ബിസിനസ്സ് സംരംഭത്തിലേക്കും പിന്നീട് അടുത്തുള്ള ക്വാറിയിലേക്കും ഇർഷാദ് ഞങ്ങളെ കൊണ്ടുപോയി. അവിടുന്ന് ഒടുവിൽ എനിക്ക് കുറച്ച് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു.
പോകുന്നതിനുമുമ്പ് കുടുംബത്തിന്റെ കുറെ ഫോട്ടോസ് എടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ പിറ്റേന്ന് അതിരാവിലെ പുറപ്പെട്ടതുകൊണ്ട് ഈ വട്ടം എനിക്ക് ഇർഷാദിനെ മാതാപിതാക്കളോടൊപ്പം മാത്രമേ ഫോട്ടോ എടുക്കാൻ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും അവയിൽ ലളിതമായ, ശാന്തമായ എന്തോ ഒരു സംതൃപ്തിയുണ്ട്.
ലോകത്തെവിടെ ആയിരുന്നാലും നമ്മെ തിരികെ വിളിക്കുന്ന നമ്മുടേതായ ചില ഇടങ്ങളുണ്ട്. നമ്മൾ, നമ്മൾ ആയിരിക്കുന്ന ചിലയിടങ്ങൾ.
വൈലോപ്പിള്ളി പറഞ്ഞതുപോലെ
“ഏതു ധൂസര സങ്കൽപ്പത്തിൽ വളർന്നാലും, ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാകട്ടെ, ഗ്രാമത്തിൻവെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും…….”.
ഇർഷാദിന്റെ കാര്യത്തിൽ ഇത് ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എടവണ്ണയിലെ ലളിതമായ ജീവിതത്തിന്റെ പുതുമകൾ ഒരുപാട് വിലമതിക്കുന്നതിനാൽ നഗരത്തിലേക്ക് പോകാൻ ഇർഷാദ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. “എന്റെ കുട്ടികൾ ഇതൊക്കെ അനുഭവിച്ചു വളരണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം നാളെ അവരുടെ കുട്ടികൾക്ക് അതിനു കഴിഞ്ഞില്ലെങ്കിലോ?” ഇർഷാദ് എന്നോട് പറഞ്ഞു. ഈ ലാളിത്യത്തിൽ നിന്നാവണം ആഴത്തിൽ വേരൂന്നിയ മനുഷ്യ വികാരങ്ങളുടെ കഥകൾ അവർ കണ്ടെത്തുന്നത്.
അതുകൊണ്ടുതന്നെ അവിടേക്കു തിരിച്ചുപോകാനും അവിടെ ഇനിയും കൂടുതൽ സമയം ചിലവഴിക്കാനും ഞാൻ കൊതിക്കുന്നുണ്ട്. ഈ വട്ടം എന്റെ ക്യാമെറയിൽ കുടുംബത്തിന്റെ മുഴുവൻ ചിത്രങ്ങളും ഉണ്ടാകും.
– ഫസൽ ഹമീദിനൊപ്പം ചേർന്ന് എഴുതി
Awaiting for more writings!
LikeLike